Skip to content

ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ ഒന്നാമതെത്തി.

പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 43.00 ശരാശരിയിൽ 129 റൺസ് മലാൻ നേടിയിരുന്നു. ഇതിനുപുറകെയാണ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മലാൻ ബാബർ അസമിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുലുമാണ് മലാനും ബാബർ അസമിനും പുറകിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്.

പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ പത്താം സ്ഥാനത്തേക്ക് പിന്തള്ളപെട്ടപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.