Skip to content

പന്ത് മിനുസപ്പെടുത്താൻ ഉമിനീർ ഉപയോഗിച്ച്‌ മുഹമ്മദ് അമീർ ; ക്യാമറയിൽ കുടുങ്ങിയത് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനിടെ

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനിടെ ക്രിക്കറ്റ് പന്ത് മിനുസപ്പെടുത്താൻ ഉമിനീർ ഉപയോഗിച്ച് പാകിസ്ഥാൻ ഫാസ്റ്റ് ബോളർ മുഹമ്മദ് അമീർ. ജൂലൈയിൽ ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉമിനീർ ഉപയോഗം നിയന്ത്രിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും, പകരം വിയർപ്പ് ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ അമീർ പലതവണ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയിൽ ഡോം സിബ്ലി പന്തിൽ ഉമിനീർ പ്രയോഗിക്കുകയും അമ്പയർമാർ പന്ത് അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അമിറിന്റെ കാര്യത്തിൽ ഇത്തരം നടപടികൾ സ്വീകരിച്ചിരുന്നില്ല.

ഐസിസി നിയമങ്ങളിൽ ഇങ്ങനെ പറയുന്നു: “പന്ത് തിളങ്ങാൻ ഉമിനീർ ഉപയോഗിക്കാൻ കളിക്കാരെ അനുവദിക്കില്ല. ഒരു കളിക്കാരൻ പന്തിൽ ഉമിനീർ പ്രയോഗിക്കുകയാണെങ്കിൽ, ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകും, എന്നാൽ തുടർന്നും സംഭവിച്ചാൽ ബാറ്റിംഗ് ടീമിന് 5 റൺസ് പെനാൽറ്റി ആയി നൽകും.

ഇംഗ്ലണ്ട് – പാകിസ്ഥാൻ ആദ്യ ടി20 മത്സരം ആദ്യ ഇന്നിംഗ്സിന്റെ 17 ആം ഓവറിനിടെ മഴ കാരണം നിർത്തി വെക്കുകയായിരുന്നു. 42 പന്തിൽ 72 റൺസ് നേടിയ ടോം ബാന്റനിന്റെ ഇന്നിംഗ്സ് മത്സരം ആവേശകാരമാക്കിയത്. രണ്ടാം മത്സരം നാളെ അതേ സ്റ്റേഡിയത്തിൽ വെച്ച് ആരംഭിക്കും