Skip to content

500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് അഭിനന്ദന സന്ദേശവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ ബ്രോഡിന് യുവരാജ് തന്റെ അഭിനന്ദനമറിയിച്ചത്.

” എനിക്കുറപ്പുണ്ട് ഞാൻ എപ്പോഴൊക്കെ ബ്രോഡിനെ പറ്റി എഴുതുന്നുവോ അപ്പോഴെല്ലാം ആളുകൾ അദ്ദേഹം ആറ് സിക്സ് വഴങ്ങിയത് താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ഇന്ന് അദ്ദേഹത്തിന് വേണ്ടി കയ്യടിക്കാൻ ഞാൻ എന്റെ ആരാധകരോട് ആവശ്യപെടുകയാണ്. ടെസ്റ്റിൽ 500 വിക്കറ്റെന്നത് തമാശയല്ല !! അതിന് കഠിന പ്രയത്നവും ഡെഡിക്കേഷനും ദൃഡനിശ്ചയവും ആവശ്യമാണ്. ബ്രോഡി നിങ്ങളൊരു ഇതിഹാസമാണ് ” യുവരാജ് ട്വിറ്ററിൽ കുറിച്ചു.

Stuart Broad and Yuvraj Singh ( Picture : Twitter )

അന്താരാഷ്ട്ര കരിയറിന്റെ തുടക്കകാലത്താണ് 2007 സെപ്റ്റംബറിൽ ഡർബനിൽ നടന്ന വേൾഡ് ടി20 മത്സരത്തിൽ യുവരാജ് സിങ് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്സ് നേടിയത്. കരിയർ അവസാനിച്ചുവെന്നും പലരും വിധിയെഴുതിയടുത്തു നിന്നാണ് ശക്തമായ തിരിച്ചുവരവിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ബ്രോഡ് ഇടം നേടിയത്.

Stuart Broad ( Picture : Twitter )

ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണ് ശേഷം 500 വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് ബൗളറും നാലാമത്തെ ഫാസ്റ്റ് ബൗളറും കൂടിയാണ് സ്റ്റുവർട്ട് ബ്രോഡ്. മുത്തയ്യ മുരളീധരന് ശേഷം ടെസ്റ്റിൽ 500 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന നേട്ടവും ബ്രോഡ് സ്വന്തമാക്കിയിരുന്നു.