Skip to content

ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു

കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യൂസിലാൻഡിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും സമ്മതപ്രകാരം മാറ്റിവെച്ചത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് പരമ്പര ഷെഡ്യൂൾ ചെയ്തിരുന്നത്. നേരത്തെ ജൂണിൽ നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനവും കോവിഡ് 19 മൂലം മാറ്റിവെച്ചിരുന്നു.

ഈ സാഹചര്യങ്ങളിൽ ഒരു പരമ്പര നടത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും കളിക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും പരമ്പര മാറ്റിവെയ്ക്കുന്നതും ആരാധകർക്കും ഇരു ടീമുകൾക്കും നിരാശയുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

മാർച്ച് മുതൽ ബംഗ്ലാദേശ് രാജ്യത്തെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ഒഴിവാക്കിയിരുന്നു. ജൂണിൽ നടക്കേണ്ട ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കൂടാതെ അടുത്ത മാസം നടക്കേണ്ടിയിരുന്ന ശ്രീലങ്കൻ പര്യടനവും കോവിഡ് 19 മൂലം മാറ്റിവെച്ചിരിക്കുകയാണ്.