Skip to content

ഏഴ് പാകിസ്ഥാൻ താരങ്ങൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിലെ ഏഴ് കളിക്കാർക്ക് കൂടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഫഖർ സമാൻ, ഇമ്രാൻ ഖാൻ, കാഷിഫ് ബാട്ടി, മൊഹമ്മദ് ഹഫീസ്, മൊഹമ്മദ് ഹസ്നൈൻ, മൊഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഹൈദർ അലി, ഷാദാബ്‌ ഖാൻ, ഹാരിസ് റൗഫ് എന്നിവർക്കും കൊറോണ വൈറസ് ബാധിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

കളിക്കാർക്ക് പുറമെ ഒരു സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സർഫറാസ് അഹമ്മദ്, മൊഹമ്മദ് അബ്ബാസ്, നസീം ഷാ, ബാബർ അസം, അസ്ഹർ അലി, ഇമാം ഉൾ ഹഖ് അടക്കമുള്ള മറ്റു താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇവർ ജൂൺ 24 ന് ലാഹോറിൽ ഒത്തുചേരുകയും 28 ന് പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുകയും ചെയ്യും.

കോവിഡ് ബാധിച്ചവരെ പര്യടനത്തിൽ നിന്നും ഒഴിവാക്കുകയില്ലെന്നും രോഗം ഭേദപ്പെട്ട ശേഷം താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നും ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപായി അഞ്ച് തവണ കളിക്കാരിൽ കോവിഡ് പരിശോധന നടത്തുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.