Skip to content

മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഗ്ലാമോർഗൻ. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ലാബുഷെയ്നുമായി ഗ്ലാമോർഗൻ കരാറിൽ ഏർപ്പെട്ടത്. അരങ്ങേറ്റ സീസണിൽ തന്നെ ഗ്ലാമോർഗന് വേണ്ടി അഞ്ച് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയുമടക്കം 65.53 ശരാശരിയിൽ 1,114 റൺസ് ലാബുഷെയ്ൻ നേടിയിരുന്നു. തുടർന്ന് ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരയിൽ സ്റ്റീവ് സ്മിത്തിന് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി എത്തി ഓസ്‌ട്രേലിയൻ ടീമിലെ തന്റെ സ്ഥാനം താരം ഉറപ്പിക്കുകയും ചെയ്തു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 15 ഇന്നിങ്സിൽ നിന്നും 83.26 ശരാശരിയിൽ 1249 റൺസ് നേടി ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ലാബുഷെയ്ൻ തകർപ്പൻ പ്രകടനത്തിന് പുറകെ ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനും കോഹ്ലിക്കും പുറകിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

പുതിയ കരാർ ലാബുഷെയ്ൻ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും 2022 സീസൺ വരെ ലാബുഷെയ്ൻ ഗ്ലാമോർഗനൊപ്പം തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.