Skip to content

അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

തകർപ്പൻ ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ലയെങ്കിൽ കൂടിയും ടെസ്റ്റിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനാകാൻ യോഗ്യൻ അജിങ്ക്യ രഹാനെയാണെന്നും ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയാൽ മാത്രമേ ടെസ്റ്റിൽ ഇന്ത്യൻ മധ്യനിരയിൽ കെ എൽ രാഹുലിന് അവസരം ലഭിക്കൂവെന്നും മഞ്ചരേക്കർ പറഞ്ഞു.

” ടെസ്റ്റ് കരിയറിന്റെ തുടക്കത്തിൽ കണ്ട രഹാനെയെയല്ല ഇപ്പോൾ കാണുന്നതെന്നത് ശരിയാണ് എന്നാൽ അദ്ദേഹം ആ ഫോമിൽ തിരിച്ചെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നേടിയ റൺസ് കണക്കിലെടുത്താൽ അഞ്ചാമനായി രഹാനെയ്ക്ക് പകരം രാഹുലിനെ പരിഗണിക്കുന്നത് ശരിയല്ല. ” മഞ്ചരേക്കർ പറഞ്ഞു.

( Picture Source : Twitter )

വെസ്റ്റിൻഡീസിനതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ മികച്ച പ്രകടനമായിരുന്നു മധ്യനിരയിൽ രഹാനെ ഇന്ത്യയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചത്.

( Picture Source : ICC / Twitter )

രോഹിത് ശർമ്മയും മായങ്ക് അഗർവാളും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നതിനാൽ കെ എൽ രാഹുലിന് മധ്യനിരയിൽ മാത്രമായിരിക്കും അവസരം ലഭിക്കുകയെന്നും അതിനായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം രാഹുൽ കാഴ്ച്ചവെയ്ക്കേണ്ടതുണ്ടെന്നും മഞ്ചരേക്കർ കൂട്ടിച്ചേർത്തു.