Skip to content

അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

2016 ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ നാടകീയ മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിലെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഹാർദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ പന്തെറിയാൻ തിരഞ്ഞെടുത്തത്. ആദ്യ പന്തിൽ മഹമ്മദുള്ള സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള രണ്ട് പന്തുകളിൽ ബൗണ്ടറി നേടി മുഷ്ഫിഖുർ റഹിം ബംഗ്ലാദേശിന്റെ വിജയത്തിന്റെ വക്കിൽ എത്തിച്ചുവെങ്കിലും തുടർന്നുള്ള മൂന്ന് പന്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാണ്ഡ്യ ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.

( Picture Source : Twitter )

” തുറന്നുപറയുകയാണെങ്കിൽ മത്സരം അത്തരത്തിൽ കലാശിക്കുമെന്ന് ഞാൻ കരുതിയില്ല. ഞാനാണ് ബാറ്റ് ചെയ്‌തിരുന്നതെങ്കിൽ അടുത്ത പന്തിൽ സിംഗിൾ നേടി വിജയം ഉറപ്പാക്കാൻ ശ്രമിച്ചേനെ. പിന്നീടായിരിക്കും വലിയ സിക്സർ പറത്താനോ മറ്റെന്തെങ്കിലും ചെയ്യാനോ ശ്രമിക്കുക. ” Cricbuzz ൽ ഹർഷ ബോഗ്ലയുമായുള്ള അഭിമുഖത്തിൽ പാണ്ഡ്യ പറഞ്ഞു.

( Picture Source : Twitter )

ബൗണ്ടറിയ്ക്ക് ശേഷം സിംഗിൾ നേടാൻ ഏറ്റവും പ്രയാസമേറിയ പന്ത് ഏതാണെന്ന് താൻ ചിന്തിച്ചുവെന്നും അങ്ങനെയാണ് ബാക്ക് ഓഫ് ദി ലെങ്തിൽ പന്തെറിഞ്ഞതെന്നും അത്തരത്തിലുള്ള ഡെലിവറിയിൽ വലിയ ഷോട്ട് കളിക്കാനും സിംഗിൾ നേടാനും പ്രയാസമാണെന്നും നന്നായി നേരിട്ടാൽ മാത്രമേ അത്തരത്തിള്ള പന്തിൽ റൺ നേടാൻ സാധിക്കുകയുള്ളൂവെന്നും ആ പന്തിൽ മുഷ്ഫിഖുർ റഹിം വലിയ ഷോട്ടിന് മുതിർന്നതുകൊണ്ടാണ് ഔട്ടായതെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.