Skip to content

ലാറയ്ക്ക് മുൻപേ 400 റൺസെന്ന റെക്കോർഡ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു ; ഇൻസമാം ഉൾ ഹഖ്

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. ന്യൂസിലാൻഡിനെതിരെ 329 റൺസ് നേടിയ മത്സരത്തിൽ മതിയായ പിന്തുണ മറ്റുള്ളവരിൽ നിന്നും ലഭിച്ചിരുന്നുവെങ്കിൽ 400 റൺസെന്ന റെക്കോർഡ് തനിക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നുവെന്നും തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അതെന്നും ഇൻസമാം പറഞ്ഞു.

” 329 എന്റെ കരിയറിലെ ഏറ്റവും വലിയ ഇന്നിങ്സായിരുന്നു. അന്നാണെങ്കിൽ വളരെ ചൂടേറിയ ദിവസമായിരുന്നു. ഇമ്രാൻ നാസിറും അന്ന് സെഞ്ചുറി നേടിയിരുന്നു. കിവി ബൗളർമാരാണെങ്കിൽ വളരെ ക്ഷീണിതരായിരുന്നു. ഞാൻ ട്രിപ്പിൾ സെഞ്ചുറി പിന്നിട്ടപ്പോൾ നിങ്ങൾ എത്ര വേണമെങ്കിലും റൺസ് സ്കോർ ചെയ്തോളൂവെന്ന ഭാവത്തിലായിരുന്നു അവർ. ഏതെങ്കിലും ഒരു ബാറ്റ്‌സ്മാൻ എനിക്ക് മതിയായ പിന്തുണ നൽകിയിരുന്നുവെങ്കിൽ ലോക റെക്കോർഡ് സ്വന്തമാക്കാൻ എനിക്ക് സാധിക്കുമായിരുന്നു. അതിന് മതിയായ സമയം ഞങ്ങൾക്കുണ്ടായിരുന്നു ഒപ്പം റൺസും അതിവേഗം സ്കോർ ചെയ്തിരുന്നു. ഒരു മണിക്കൂർ കൂടെ ലഭിച്ചിരുന്നുവെങ്കിൽ 400 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ എനിക്ക് സാധിക്കുമായിരുന്നു. ” ഇൻസമാം പറഞ്ഞു.

ഇൻസമാമിന്റെ ഈ ഇന്നിങ്സിന് രണ്ട് വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ 400 റൺസെന്ന ചരിത്രനേട്ടം ലാറ സ്വന്തമാക്കിയത്.