ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വെയ്ക്കുമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ കൊവിഡ് 19 പടർന്നുപിടിപ്പിക്കുന്ന സാഹചര്യത്തിൽ ലോകകപ്പ് നടക്കുമോയെന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്.
” ടൂർണമെന്റിനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ഞങ്ങൾ. അതിനൊപ്പം ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ടൂർണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ഞങ്ങൾ ആരായുന്നുണ്ട്. ഓസ്ട്രേലിയൻ സർക്കാരിൽ നിന്നും ഒപ്പം മറ്റു അതോറിറ്റികളിൽ നിന്നും വിദഗ്ധരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുന്നത് ഞങ്ങൾ തുടരും. ” ഐസിസി വക്താവ് വ്യക്തമാക്കി.
നേരത്തെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ, വിക്കറ്റ് കീപ്പർ അലക്സ് കാരി അടക്കമുള്ളവർ ലോകകപ്പ് കാണികളില്ലാതെ നടത്തുന്നതിൽ താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.