Skip to content

ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി ടിം പെയ്ൻ തുടരണം ; പിന്തുണയുമായി നേഥൻ ലയൺ

ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റനായി ടിം പെയ്ൻ തുടരണമെന്ന് സ്പിന്നർ നേഥൻ ലയൺ. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ രണ്ട് വർഷം നീണ്ട ക്യാപ്റ്റൻസി ബാൻ അവസാനിച്ചതോടെയാണ് ടിം പെയ്ൻ ക്യാപ്റ്റനായി തുടരുമോയെന്ന ചർച്ചകൾക്ക് വീണ്ടും തുടക്കമായത്.

ടിം പെയ്ന്റെ കീഴിലായിരുന്നു ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ അവരുടെ നാട്ടിൽ ഇന്ത്യയുമായി ടെസ്റ്റ് പരമ്പര പരാജയപെട്ടത്. എന്നാൽ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പര സമനിലയാക്കി ആഷസ് കിരീടം നിലനിർത്തി ടിം പെയ്ൻ മികവ് തെളിയിച്ചിരുന്നു. തുടർന്ന് പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരായ പരമ്പരയും ടിം പെയ്ന്റെ കീഴിൽ ഓസ്‌ട്രേലിയ തൂത്തുവാരിയിരുന്നു.

( Picture Source : Twitter )

” ഓരോ തവണയും അവൻ മികച്ച ക്യാപ്റ്റനായി മറികൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി അവിശ്വസനീയ പ്രകടനമാണ് പെയ്ൻ കാഴ്ച്ചവെയ്ക്കുന്നത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മോശം സമയത്താണ് അവൻ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ആ ജോലി ഭംഗിയായി നിർവഹിക്കാൻ അവന് സാധിച്ചിട്ടുണ്ട്. ” നേഥൻ ലയൺ പറഞ്ഞു.

( Picture Source : Twitter )

2018 മുതൽ ഇതുവരെ 19 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിച്ച ടിം പെയ്ൻ 10 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളിൽ ടീം പരാജയപെട്ടപ്പോൾ മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.