Skip to content

ഐ പി എല്ലിനായി ഏഷ്യ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ല ; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിനായി ഏഷ്യാ കപ്പ് ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മാനി. മാർച്ച് 29 മുതൽ മേയ് 24 വരെ നടക്കേണ്ടിയിരുന്ന ഐ പി എൽ ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. ലോക്ഡൗൺ വീണ്ടും നീട്ടിയ സാഹചര്യത്തിൽ മേയ് മൂന്നിനായിരിക്കും ബിസിസിഐ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

സെപ്റ്റംബറിൽ യു എ ഇയിലാണ് ഏഷ്യ കപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നേരത്തെ ടൂർണമെന്റ് പാകിസ്ഥാനിൽ നടത്തുവാൻ ഐസിസിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ധാരണയിൽ എത്തിയിരുന്നുവെങ്കിലും ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് ടൂർണമെന്റ് യു എ ഇ യിലേക്ക് മാറ്റുകയായിരുന്നു.

“നിലവിലെ സാഹചര്യങ്ങൾ മെച്ചപെട്ടാൽ ഏഷ്യ കപ്പ് നടക്കേണ്ടത് അനിവാര്യമാണ്. കാരണം ഏഷ്യൻ ടീമുകൾ ഈ ടൂർണമെന്റിൽ നിന്നുള്ള ഫണ്ടിനെ ഒരുപാട് ആശ്രയിക്കുന്നുണ്ട്. ഇന്ത്യയ്ക്കും പാകിസ്ഥാനും മാത്രമല്ല ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ അംഗമായ എല്ലാ രാജ്യങ്ങൾക്ക് ഈ ടൂർണമെന്റ് പ്രധാനപെട്ടതാണ്. ” പി സി ബി ചെയർമാൻ വ്യക്തമാക്കി.