Skip to content

ആഷസിനേക്കാൾ വലുതാണ് ലോകകപ്പ്, രോഹിത് ശർമ്മയ്ക്ക് അവാർഡ് ലഭിക്കാത്തതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം

തകർപ്പൻ പ്രകടനമായിരുന്നു കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ അഞ്ച് സെഞ്ചുറിയടക്കം 648 റൺസ് നേടിയ രോഹിത് ശർമ്മയായിരുന്നു ടൂർണമെന്റിലെ ലീഡിങ് റൺ സ്‌കോറർ. എന്നാൽ ഈ തകർപ്പൻ പ്രകടനത്തിനിടയിലും വിസ്ഡൻ പ്രഖ്യാപിച്ച കഴിഞ്ഞ വർഷത്തെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചില്ല. ഇതിനുപുറകെ വിസ്ഡൻ മാസികയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി വി എസ് ലക്ഷ്മൺ.

ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്, ഓസ്‌ട്രേലിയൻ വുമൺസ് താരം എലിസ് പെറി, ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ, ഓസ്‌ട്രേലിയൻ ബൗളർ പാറ്റ് കമ്മിൻസ്, യുവതാരം മാർനസ് ലാബുഷെയ്ൻ, കൗണ്ടി താരം സൈമൺ ഹാർമർ എന്നിവരെയാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളായി വിസ്ഡൻ തിരഞ്ഞെടുത്തത്.

” വിസ്ഡന്റെ ഈ തീരുമാനം എന്നെ അമ്പരപ്പിച്ചു. അതേ ആഷസ് പ്രധാനപ്പെട്ട പരമ്പരയാണ്. എന്നാൽ ലോകകപ്പ് അതിലും വലുതാണ്. അതിൽ അഞ്ച് സെഞ്ചുറി  രോഹിത് ശർമ്മ നേടിയിരുന്നു . ആദ്യ സെഞ്ചുറി നേടിയതാകട്ടെ മറ്റു ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ട ഏറ്റവും ദുഷ്കരമായ പിച്ചിലും. പാകിസ്ഥാനെതിരായ മത്സരത്തിലും പ്രധാനപ്പെട്ട സെഞ്ചുറിയാണ് രോഹിത് നേടിയത്. വിസ്ഡന്റെ ഈ തീരുമാനം എന്നെ മാത്രമല്ല ക്രിക്കറ്റ് പിന്തുടരുന്ന ഏതൊരു വ്യക്തിയെയും അമ്പരിപ്പിക്കും ” ലക്ഷ്മൺ പറഞ്ഞു.