Skip to content

ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു

കൊവിഡ് 19 നെ തുടർന്ന് ജൂണിൽ നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചു. ജൂൺ 11 നായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. ചറ്റോഗ്രാമിലും ധാക്കയിലുമായിട്ടായിരുന്നു മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്.

ജനങ്ങളുടെയും കളിക്കാരുടെയും ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും ഈ തീരുമാനവുമായി സഹകരിച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് നന്ദി പറയുന്നുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സി ഇ ഒ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് കൊവിഡ് 19 നെ തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പരമ്പര മാറ്റിവെയ്ക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനവും കൊവിഡ് 19 നെ തുടർന്ന് മാറ്റി വെച്ചിരുന്നു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ 296 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. 360 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.