Skip to content

ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയത് സ്മിത്തും വാർണറും ഇല്ലാത്തതുകൊണ്ട് മാത്രം ; വഖാർ യൂനിസ്

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവം മൂലമാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനിസ്. അടുത്തിടെ നടന്ന വീഡിയോ അഭിമുഖത്തിൽ എന്തുകൊണ്ടാണ് പാകിസ്ഥാന് 1995 ന് ശേഷം ഓസ്‌ട്രേലിയയിൽ ടെസ്റ്റ് വിജയം നേടാൻ സാധിച്ചിട്ടില്ലയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വഖാർ യൂനിസ്.

( Picture Source : Twitter )

” വിജയത്തിന്റെ ക്രഡിറ്റ് ഇന്ത്യയിൽ നിന്നും തട്ടിമാറ്റാനല്ല ഞാൻ ശ്രമിക്കുന്നത്. മികച്ച പ്രകടനമാണ് ആ പരമ്പരയിൽ ഇന്ത്യ കാഴ്ച്ച വെച്ചത്. എന്നാൽ ആ സമയത്ത് പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട ഓസ്‌ട്രേലിയ അവരുടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. കൂടാതെ ടീമിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉണ്ടായിരുന്നില്ല. ” വഖാർ യൂനിസ് പറഞ്ഞു.

( Picture Source : Twitter )

” എന്തുകൊണ്ടാണ് നമ്മൾ (പാകിസ്ഥാൻ) ഓസ്‌ട്രേലിയയിൽ വിജയിക്കാത്തതെന്ന് എനിക്കറിയില്ല. എപ്പോഴും ശക്തമായ ബൗളിങ് നിരയുമായാണ് നമ്മൾ അവിടെ ചെല്ലാറുള്ളത്. എന്നാൽ എപ്പോഴൊക്കെ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുവോ അപ്പോഴെല്ലാം ബാറ്റ്‌സ്മാന്മാർ പരാജയപെടും ബാറ്റ്‌സ്മാന്മാർ ഫോമായാല്ലോ മികവിനൊത്തുയരാൻ ബൗളർമാർക്കും സാധിക്കാറില്ല. ” വഖാർ യൂനിസ് കൂട്ടിച്ചേർത്തു.

എന്നാൽ ഓസ്‌ട്രേലിയയിൽ വിജയം നേടുകയെന്നത് എളുപ്പമായ കാര്യമല്ലയെന്ന് ആരാധകർ മനസ്സിലാക്കണമെന്നും ശക്തമായ ന്യൂസിലാൻഡ് നിര കഴിഞ്ഞ പരമ്പരയിൽ ഓസ്‌ട്രേലിയയിൽ ദയനീയമായി പരാജയപെട്ടുവെന്നും ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് മേൽ ഓസ്‌ട്രേലിയ സമ്പൂർണ ആധിപത്യം സ്ഥാപിച്ചത് കണ്ടതാണെന്നും വഖാർ യൂനിസ് കൂട്ടിച്ചേർത്തു.