Skip to content

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യർ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽസ് ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ. ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് ഇക്കാര്യം അയ്യർ ആരാധകരുമായി പങ്കുവെച്ചത്.

മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്‌സ്, മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്സൺ എന്നിവരാണ് ക്രിക്കറ്റിലെ തന്റെ റോൾ മോഡലുകളെന്ന് ചോദ്യോത്തര വേളയിൽ അയ്യർ പറഞ്ഞു.

നിലവിൽ ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നാലാം നമ്പറിൽ മികച്ച പ്രകടനമാണ് അയ്യർ കാഴ്ച്ചവെയ്ക്കുന്നത്. അതിനൊപ്പം തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാൻ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് പ്ലേയറുടെയും സ്വപ്നമാണെന്നും ചോദ്യോത്തര വേളയിൽ അയ്യർ പറഞ്ഞു.