Skip to content

അത് ദുഷ്കരമാകും എം എസ് ധോണിയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യൻ ടീമിലേക്കുള്ള മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവ് ദുഷ്‌കരമാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ധോണിയ്ക്ക് പകരക്കാരെ സെലക്ടർമാർ കണ്ടെത്തി കഴിഞ്ഞുവെന്നും റിഷാബ് പന്തും കെ എൽ രാഹുലും മികച്ച ഫോമിൽ കളിക്കുമ്പോൾ ധോണിയെ എങ്ങനെ പരിഗണിക്കാൻ സാധിക്കുമെന്നും ധോണിയ്ക്ക് വേണ്ടി കെ എൽ രാഹുലിനെയോ റിഷാബ് പന്തിനെയോ തഴയാൻ കാരണങ്ങൾ ഒന്നും തന്നെയില്ലെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സെവാഗ് പറഞ്ഞു.

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധോണിയെ തിരികെ ടീമിൽ പരിഗണിക്കുകയെന്ന് സെലക്ടർമാർ അടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐ പി എൽ ഏപ്രിൽ 15 ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഐ പി എൽ പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോശം ഫോമിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച സെവാഗ് വിരാട് കോഹ്ലി ലോകോത്തര ബാറ്റ്‌സ്മാനാണെന്നും സച്ചിനും പോണ്ടിങും സ്റ്റീവ് വോയും കാലിസും അടക്കമുള്ള ഇതിഹാസ താരങ്ങൾ ഇതേ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും വ്യക്തമാക്കി.