Skip to content

പരാജയത്തിൽ അവളെ കുറ്റപ്പെടുത്താൻ സാധിക്കില്ല ; ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരായ പരാജയത്തിന് പുറകെ യുവതാരം ഷഫാലി വർമ്മയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിലെ ആദ്യ ഓവറിൽ ഓസ്‌ട്രേലിയൻ ഓപ്പണർ അലിസ ഹീലിയുടെ ക്യാച്ച് ഷഫാലി വർമ്മ നഷ്ട്ടപെടുത്തിയിരുന്നു. ലഭിച്ച അവസരം ഉപയോഗിച്ച ഹീലി 39 പന്തിൽ 75 റൺസ് നേടിയാണ് പുറത്തായത്.

” അവളുടെ പ്രായം 16 വയസ്സുമാത്രമാണ്. ആദ്യ ലോകകപ്പാണിത്. അവൾ മികച്ച പ്രകടനമാണ് ഞങ്ങൾക്ക് വേണ്ടി കാഴ്ച്ചവെച്ചത്. ഇതവൾക്ക് കൂടുതൽ അറിവ് നേടാനുള്ള അവസരമാണ്. ആതെറ്റ് ആർക്കും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ അവളെ കുറ്റപെടുത്താൻ സാധിക്കില്ല. ” ഹർമൻപ്രീത് കൗർ പറഞ്ഞു.

കാണികളുടെ എണ്ണം തങ്ങളുടെ പ്രകടനത്തെ ബാധിച്ചിരുന്നില്ലയെന്നും ഫീൽഡിങിൽ വരുത്തിയ പിഴവുകളാണ് പരാജയത്തിന് കാരണമെന്നും ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഫീൽഡിങ് ആണെന്നും കൗർ കൂട്ടിച്ചേർത്തു.

ഹീലിയെ കൂടാതെ മത്സരത്തിൽ 54 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ ബെത് മൂണിയുടെ ക്യാച്ചും ഇന്ത്യ പാഴാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 184 റൺസ് നേടി.

185 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 19.1 ഓവറിൽ 99 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.