Skip to content

അദ്ദേഹത്തിന്റെ സാങ്കേതികതയെ നിങ്ങൾക്ക് എങ്ങനെ ചോദ്യം ചെയ്യാനാകും? ’വിരാട് കോഹ്‌ലിയെ വിമർശിച്ചവർക്കെതിരെ ഇൻസമാമുൽ ഹഖ് രംഗത്ത്

2014 ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോഹ്ലിയുടെ കരിയറിലെ ഏറ്റവും ദയനീയമായ പ്രകടനമാണ് ക്രിക്കറ്റ് ലോകം ന്യുസിലാൻഡിൽ കണ്ടത്. ടെസ്റ്റ് പരമ്പരയിൽ 4 ഇന്നിങ്സിൽ നിന്നായി വെറും 38 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്. പിന്നാലെ വിദേശ പിച്ചുകളിൽ കോഹ്‌ലിക്ക് ബാറ്റ് ചെയ്യാനറിയില്ലെന്ന തരത്തിൽ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. 2 മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയത് കൂടുതൽ പരിഹാസത്തിനിടയാക്കി. ഇതിനിടെ കോഹ്‌ലിക്ക് പിന്തുണയുമായി മുൻ പാകിസ്ഥാൻ നായകൻ ഇൻസമാമുൽ ഹഖ് എത്തി.

“ധാരാളം ആളുകൾ കോഹ്‌ലിയുടെ സാങ്കേതികതയെക്കുറിച്ച് സംസാരിക്കുന്നു. ഈ സംസാരം എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം 70- സെഞ്ച്വറികൾ നേടിയിട്ടുണ്ട്, ഇപ്പോൾ നിങ്ങൾക്ക് എങ്ങനെ അദ്ദേഹത്തിന്റെ സാങ്കേതികതയെ ചോദ്യം ചെയ്യാനാകും, ”ഇൻസമാം തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

” ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, എത്ര ശ്രമിച്ചിട്ടും റൺസ് കണ്ടെത്തനാവാത്ത ഒരു ഘട്ടം നേരിടേണ്ടിവരുമെന്ന് എനിക്ക് പറയാൻ കഴിയും. സഹതാരം യൂസഫ്‌ അദ്ദേഹത്തിന്റെ മോശം ഫോം വന്നപ്പോൾ ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. അദ്ദേഹം എന്റെയടുക്കൽ വന്നു, അതേ സാങ്കേതികത ഉപയോഗിച്ച് നിങ്ങൾ എങ്ങനെ ഇത്രയധികം റൺസ് നേടി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. “ഇൻസമാം പറഞ്ഞു.

” ടീമിന് പ്രകടനം നടത്താൻ കഴിയുന്നില്ല. കോഹ്‌ലി പരാജയപ്പെടുകയാണെങ്കിൽ മറ്റ് കളിക്കാരുടെ കാര്യമോ. ഇത് കളിയുടെ ഭാഗം തന്നെയാണ്, അത് ആ പ്രത്യേക രീതിയിൽ അംഗീകരിക്കണം. ” അദ്ദേഹം കൂട്ടിച്ചേർത്തു.