Skip to content

കോഹ്ലിയും രാഹുലും പന്തും ഏഷ്യ ഇലവനിൽ ക്രിസ് ഗെയ്ലും ഡുപ്ലെസിസും ലോക ഇലവനിൽ

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള മത്സരത്തിൽ ഏഷ്യാ ഇലവന് വേണ്ടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സഹതാരങ്ങളായ കെ എൽ രാഹുൽ, റിഷാബ് പന്ത്, കുൽദീപ് യാദവ്, മൊഹമ്മദ് ഷാമിയും കളിക്കും.

ഇന്ത്യൻ താരങ്ങളുമായി കരാറിൽ ഒപ്പുവെച്ചിട്ടില്ലയെങ്കിലും റിഷാബ് പന്ത്, കുൽദീപ് യാദവ്, ശിഖാർ ധവാൻ, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് മത്സരങ്ങളിലും കളിക്കുമെന്നും വിരാട് കോഹ്ലിയും കെ എൽ രാഹുലും ഒരു മത്സരത്തിൽ മാത്രമായിരിക്കും കളിക്കുകയെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൾ ഹസൻ വ്യക്തമാക്കി.

ന്യൂസിലാൻഡ് പര്യടനത്തിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര മാർച്ച് 12 ന് ധർമ്മശാലയിലാണ് ആരംഭിക്കുന്നത്. മാർച്ച് 15 നും മാർച്ച് 18 നുമാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ. ഐ പി എല്ലാകട്ടെ മാർച്ച് 29 ന് ആരംഭിക്കുകയും ചെയ്യും.

മാർച്ച് 21 നും മാർച്ച് 22 നുമാണ് ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള മത്സരങ്ങൾ നടക്കുന്നത്‌.

( Picture Source : Twitter )

ഇന്ത്യൻ താരങ്ങൾക്കൊപ്പം തന്നെ അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ, ശ്രീലങ്കൻ താരങ്ങളായ തിസാര പെരേര, ലസിത് മലിംഗ ബംഗ്ലാദേശ് താരങ്ങളായ മുസ്താഫിസുർ റഹ്മാൻ, തമീം ഇക്ബാൽ അടക്കമുള്ള താരങ്ങൾ ഏഷ്യ ഇലവന് വേണ്ടി കളിക്കും.

( Picture Source : Twitter )

മറുഭാഗത്ത് മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ലോക ഇലവനിൽ ക്രിസ് ഗെയ്ൽ, ജോണി ബെയർസ്റ്റോ, ആൻഡ്രൂ ടൈ, കീറോൺ പൊള്ളാർഡ് അടക്കമുള്ള വമ്പൻ താരങ്ങൾ കളിക്കും.