ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ വിമർശകർക്ക് കടുത്ത മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്രിക്കറ്റിൽ പരാജയം സാധാരണമാണെന്നും എന്നാൽ ചിലർ ഇതോടെ ലോകം അവസാനിച്ചുവെന്ന് കരുതുന്നുവെന്നും തലയുയർത്തി പിടിച്ചുതന്നെ തങ്ങൾ മുന്നോട്ട് പോകുമെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

” ചില ആളുകൾ ഈ മത്സരത്തോടെ ലോകം അവസാനിച്ചുവെന്ന് കരുതുന്നു. എന്നാൽ ഞങ്ങൾക്ക് ഇത് ഒരു ക്രിക്കറ്റ് മത്സരമാണ് ഞങ്ങൾ തലയുയർത്തി തന്നെ മുന്നോട്ട് പോകും. വിജയിക്കണമെങ്കിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്ന് ഞങ്ങൾക്കറിയാം അതു സ്വന്തം നാട്ടിലായാലും അങ്ങനെ തന്നെ. അന്താരാഷ്ട്ര നിലവാരമുള്ള ടീമുകൾക്കെതിരെ അനായാസം വിജയം നേടാൻ സാധിക്കുമെന്ന് ഒരിക്കലും കരുതരുത്. പുറത്തുനിന്നൊരാൾ എന്തുതന്നെ പറഞ്ഞാലും അത് ഞങ്ങളെ ബാധിക്കുകയില്ല. ” മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഫെബ്രുവരി 29 നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.