Skip to content

സ്പിന്നർ പ്രഗ്യാൻ ഓജ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2008 ൽ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഓജ 16 വർഷത്തോളം പ്രൊഫഷണൽ ക്രിക്കറ്റിൽ സജീവമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 24 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിന മത്സരങ്ങളും ആറ് ടി20 മത്സരങ്ങൾ ഓജ കളിച്ചിട്ടുണ്ട്.

2013 ൽ വെസ്റ്റിൻഡീസിനെതിരായ സച്ചിന്റെ ഫെയർവെൽ മത്സരത്തിൽ 89 റൺസ് വഴങ്ങി 10 വിക്കറ്റുകൾ വീഴ്ത്തി മാൻ കഫ് ദി മാച്ച് ഓജ കരസ്ഥമാക്കിയിരുന്നു. എന്നാൽ ആ മത്സരത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാൻ ഓജയ്ക്ക് അവസരം ലഭിച്ചതുമില്ല.

https://twitter.com/pragyanojha/status/1230725149311164417?s=19

ടെസ്റ്റിൽ 113 വിക്കറ്റും ഏകദിനത്തിൽ 21 വിക്കറ്റും അന്താരാഷ്ട്ര ടി20യിൽ 10 വിക്കറ്റും ഓജ ഇന്ത്യക്കായി നേടിയിട്ടുണ്ട്‌.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 108 മത്സരങ്ങളിൽ നിന്നും 424 വിക്കറ്റുകൾ നേടിയ ഓജ 23 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

ഐ പി എല്ലിൽ 2008 മുതൽ 2011 വരെ ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയും മുംബൈ ഇന്ത്യൻസിന് വേണ്ടി 2012 മുതൽ 2015 വരെയും ഓജ കളിച്ചിട്ടുണ്ട്. ഐ പി എൽ കിരീടം നേടിയ 2009 ൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടി 18 വിക്കറ്റുകൾ നേടിയ താരം 2010 ൽ 21 വിക്കറ്റുകൾ നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കിയിരുന്നു.