Skip to content

പന്ത് ചുരണ്ടൽ വിവാദത്തിന് വഴിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവമായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വർണറും ബാൻക്രോഫ്റ്റും ഉൾപെട്ട പന്ത് ചുരണ്ടൽ വിവാദത്തിലേക്ക് വഴിവെച്ചതെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. അവരോട് നോ പറയാൻ സാധിക്കുന്ന ആരും തന്നെ ടീമിൽ ഉണ്ടായി രുന്നില്ലയെന്നും ഒരു പക്ഷേ ഒരു സീനിയർ താരം ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു സംഭവം നടക്കുകയില്ലായിരുന്നുവെന്നും ഒരു ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിക്കി പോണ്ടിങ് പറഞ്ഞു.

വിവാദത്തിന് പുറകെ മൂവരും കുറ്റം സമ്മതിച്ചതിനെ തുടർന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെയും വാർണറിനെയും ഒരു വർഷത്തേക്കും ബാൻക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റിൽ നിന്നും വിലക്കിയിരുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പോടെയാണ് ഇരുവരും ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയത്. തിരിച്ചുവരവിന് ശേഷം തകർപ്പൻ പ്രകടനം സ്മിത്തും വാർണറും കാഴ്ച്ചവെയ്ക്കുകയും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പ്ലേയർക്കുള്ള അലൻ ബോർഡർ പുരസ്‌കാരം വാർണർ സ്വന്തമാക്കുകയും ചെയ്തു.