Skip to content

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി, ബുംറയ്ക്ക് തിരിച്ചടി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് തിരിച്ചടി. പരമ്പരയിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതെ വന്നതോടെ ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം ബുംറയ്ക്ക് നഷ്ട്ടമായി. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടാണ് പുതിയ ഒന്നാം നമ്പർ ബൗളർ.

45 പോയിന്റുകളാണ് പരമ്പരയിലെ മോശം പ്രകടനത്തോടെ ബുംറയ്ക്ക് നഷ്ട്ടപെട്ടത്. നിലവിൽ 719 പോയിന്റാണ് ബുംറയ്ക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബോൾട്ടിനാകട്ടെ 727 പോയിന്റാണ് ഉള്ളത്. അഫ്ഘാൻ സ്പിന്നർ മുജീബ് റഹ്മാൻ, സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് എന്നിവരാണ് ബൗളർമാരുടെ റാങ്കിങിൽ ആദ്യ അഞ്ചിലുള്ളത്.

എന്നാൽ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 75 റൺസേ നേടാൻ സാധിച്ചുള്ളൂവെങ്കിലും ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം ക്യാപ്റ്റൻ വിരാട് കോഹ്ലി നിലനിർത്തി. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ബാബർ അസമുമാണ് കോഹ്ലിക്ക് പുറകിലുള്ളത്.

ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഫാഫ് ഡുപ്ലെസിസിനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയപ്പോൾ പുതിയ ക്യാപ്റ്റൻ ക്വിന്റൺ ഡീകോക്ക് കെയ്ൻ വില്യംസണെയും ജോ റൂട്ടിനെയും പിന്നിലാക്കി ഏഴാം സ്ഥാനത്തെത്തി.