Skip to content

അലൻ ബോർഡർ പുരസ്‌കാരം ഡേവിഡ് വാർണർക്ക് ലാബുഷെയ്ൻ മികച്ച ടെസ്റ്റ് ക്രിക്കറ്റർ

2019 ലെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് പ്രഖ്യാപിച്ചു. മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള അലൻ ബോർഡർ അവാർഡ് ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ സ്വന്തമാക്കിയപ്പോൾ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരം ഓൾ റൗണ്ടർ എലിസ് പെറി സ്വന്തമാക്കി.

ഒരു വോട്ടിന് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് തന്റെ മൂന്നാം അലൻ ബോർഡർ പുരസ്‌കാരം വാർണർ നേടിയത്. വാർണർക്ക് 194 വോട്ടും സ്റ്റീവ് സ്മിത്തിന് 193 വോട്ടും ലഭിച്ചപ്പോൾ 185 വോട്ടുകൾ മൂന്നാം സ്ഥാനത്തുള്ള പാറ്റ് കമ്മിൻസിന് ലഭിച്ചു.

ലോകകപ്പിൽ 647 റൺസ് നേടിയ വാർണർ ആഷസിൽ മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ തിരിച്ചെത്തിയ ശേഷം ഫോം വീണ്ടെടുത്ത വാർണർ പാകിസ്ഥാനെതിരായ ട്രിപ്പിൾ സെഞ്ചുറിയടക്കം മികച്ച പ്രകടനം പുറത്തെടുത്തു.

സ്റ്റീവ് സ്മിത്തിന് പകരക്കാരനായെത്തി കഴിഞ്ഞ വർഷം ടെസ്റ്റിൽ ആയിരത്തിന് മുകളിൽ റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള അവാർഡും നേടി. ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് മികച്ച ഏകദിന ക്രിക്കറ്റർ.

വിക്കറ്റ് കീപ്പർ അലിസ ഹീലിയെ പിന്നിലാക്കിയാണ് ബെലിൻഡ ക്ലാർക്ക് പുരസ്‌കാരം എലിസ് പെറി സ്വന്തമാക്കിയത്. എന്നാൽ 2019 ലെ മികച്ച വുമൺസ് ഏകദിന പ്ലേയർ, മികച്ച വുമൺസ് ടി20 പ്ലേയർ എന്നീ പുരസ്‌കാരങ്ങൾ അലിസ ഹീലി സ്വന്തമാക്കി.