Skip to content

ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യ അർഹിച്ചത് തന്നെയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇത്തരത്തിലൊരു പാഠം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നുവെന്നും മോശം ക്രിക്കറ്റ് കളിച്ചുകൊണ്ട് ഒരിക്കലും മത്സരത്തിൽ വിജയിക്കാൻ സാധിക്കില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ അക്തർ പറഞ്ഞു.

” ഈ പാഠം ഇന്ത്യ അർഹിച്ചിരുന്നു. മോശം ക്രിക്കറ്റ് കാഴ്ച്ചവെച്ചുകൊണ്ട് ഒരിക്കലും ഏകദിനത്തിൽ വിജയിക്കാൻ സാധിക്കില്ല. ടെയ്ലറുടെ മികച്ച ഇന്നിങ്സിന് ഉത്തരം നൽകാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. എതിർടീമിനെതിരെ ഏഴോ എട്ടോ വിക്കറ്റ് വീഴ്ത്തി മത്സരം എങ്ങനെയാണ് കൈവിടാൻ സാധിക്കുന്നത്. ഞാൻ വീണ്ടും പറയുകയാണ് ഒരു സ്‌ട്രൈക് ബൗളറുടെ അഭാവം ഇന്ത്യയ്ക്കുണ്ട്. കുൽദീപിന് പകരക്കാരനായി ചഹാലെത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ എപ്പോഴാണോ വിക്കറ്റ് വേണ്ടത് അപ്പോൾ വിക്കറ്റ് നേടിക്കൊടുക്കാൻ പ്രാപ്തനായ ബൗളർ ഇന്ത്യയ്ക്കില്ല. ” അക്തർ പറഞ്ഞു.

ടി20 പരമ്പരയിൽ 5-0 ന് പരാജയപെട്ട ശേഷം ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങളുടെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ടീമിനെ അഭിനന്ദിച്ച അക്തർ ഏകദിന പരമ്പരയിൽ വൈറ്റ്വാഷ് ഒഴിവാക്കാൻ വിയർപ്പൊഴുക്കേണ്ടി വരുമെന്നും വ്യക്തമാക്കി.