Skip to content

എലിസ് പെറിയുടെ ആ ആഗ്രഹത്തിന് സമ്മതം മൂളി സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാഡയണിയുന്നു. ഓസ്‌ട്രേലിയൻ ബുഷ്ഫയർ ബാഷ് ചാരിറ്റി മത്സരത്തിലെ ഇന്നിങ്സ് ഇടവേളയിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരെ ഓരോവർ സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യും. ഓൾ റൗണ്ടർ എലിസ് പെറിയായിരിക്കും സച്ചിനെതിരെ പന്തെറിയുക.

ചാരിറ്റി മത്സരത്തിൽ പോണ്ടിങ് ഇലവന്റെ കോച്ചായാണ് സച്ചിൻ ഓസ്‌ട്രേലിയയിൽ എത്തിയത്. എന്നാൽ ഓരോവർ സച്ചിനെതിരെ ബൗൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് എലിസ് പെറി ട്വിറ്ററിലൂടെ അറിയിരിക്കുകയും സച്ചിൻ ടെണ്ടുൽക്കർ ആഗ്രഹത്തിന് സമ്മതമറിയിക്കുകയും ചെയ്യുകയായിരുന്നു.

ചാരിറ്റി മത്സരം ബിഗ് ബാഷ് ലീഗ് ഫൈനലിനൊപ്പം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും മോശം കാലാവസ്ഥാ മൂലം മത്സരം മെൽബണിലേക്ക് മാറ്റുകയായിരുന്നു. ചാരിറ്റി മത്സരത്തിനൊപ്പം വനിതാ ട്രൈ സിരീസിലെ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരവും ഇതേവേദിയിൽ വെച്ചുനടക്കും.

സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം മുൻ ഇന്ത്യൻ താരം യുവരാജ് സിങ്, മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം ഗിൽക്രിസ്റ്റ്, മാത്യൂ ഹെയ്ഡൻ, ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ, ആൻഡ്രൂ സൈമണ്ട്സ്, ഷെയ്ൻ വാട്സൻ, ബ്രാഡ് ഹാഡിൻ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, പാകിസ്ഥാൻ ഇതിഹാസം വാസിം അക്രം തുടങ്ങിയ വമ്പൻ താരനിര മത്സരത്തിൽ കളിക്കളത്തിലിലറങ്ങും.

ഫെബ്രുവരി ഒമ്പതിന് ഇന്ത്യൻ സമയം രാവിലെ 9.45 നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ മത്സരം സോണി സിക്സിലും സോണി ടെൻ വണ്ണിലും സോണി ലൈവ് ആപ്പിലും തത്സമയം കാണാം..