Skip to content

പാകിസ്ഥാന്റെ സച്ചിൻ ടെണ്ടുൽക്കറെന്ന് വിളിച്ചുകേൾക്കാൻ ആഗ്രഹിക്കുന്നില്ല ; അബിദ് അലി

ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറാണ് തന്റെ ഏറ്റവും വലിയ ഇൻസ്പിരേഷണെങ്കിലും പാകിസ്ഥാന്റെ സച്ചിൻ ടെണ്ടുൽക്കറെന്ന് വിളിച്ചുകേൾക്കാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് പാകിസ്ഥാൻ ബാറ്റ്‌സ്മാൻ അബിദ് അലി.

” സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം മറ്റുള്ള മികച്ച ബാറ്റ്‌സ്മാന്മാരെയും ഞാൻ ആരാധിക്കുന്നുണ്ട്. എന്നാൽ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത് സച്ചിന്റെ ബാറ്റിങ് ശൈലിയാണ്. കരിയറിന്റെ തുടക്കം മുതൽ സച്ചിന്റെ ബാറ്റിങ് വീഡിയോ ഞാൻ ഒരുപാട് കാണാറുണ്ട്. യൂനിസ് ഖാൻ, ഇൻസമാം ഉൾ ഹഖ്, റിക്കി പോണ്ടിങ്, മാർക്ക് വോ എന്നിവരുടെ വീഡിയോയും ഞാൻ കാണാറുണ്ട്. എന്നാൽ എന്റെ ഉയരം സച്ചിനോട് സമമാണ് അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ കൂടുതൽ അനുകരിക്കുന്നത്. മിക്ക കാര്യത്തിലും സച്ചിനെ ഞാൻ അനുകരിക്കുന്നുണ്ടെങ്കിലും പാകിസ്ഥാന്റെ സച്ചിൻ ടെണ്ടുൽക്കറെന്ന് വിളിച്ചുകേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” അബിദ് അലി പറഞ്ഞു.

ക്രിക്കറ്റ് ചരിത്രത്തിൽ ഏകദിന അരങ്ങേറ്റ മത്സരത്തിലും ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ചുറി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോർഡ് അബിദ് അലിയുടെ പേരിലാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടാനായാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദീന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും അബിദ് അലിയ്ക്ക് സ്വന്തമാക്കാം.