Skip to content

കഴിഞ്ഞ മത്സരത്തിൽ നിന്നും അക്കാര്യം ഞങ്ങൾ പഠിച്ചിരുന്നു ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. ന്യൂസിലാൻഡ് വിജയിക്കുമെന്ന് കരുതിയ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ താക്കൂറിന്റ മികവിലാണ് ഇന്ത്യ മത്സരം സമനിലയിലാക്കുകയും സൂപ്പറോവർ പോരാട്ടത്തിലൂടെ ഒരിക്കൽ കൂടി വിജയം നേടുകയും ചെയ്തത്.

” കഴിഞ്ഞ മത്സരത്തിന് ശേഷം ഒരിക്കലും വിജയപ്രതീക്ഷ കൈവിടരുതെന്ന് ഞങ്ങൾ പഠിച്ചു. ഞാൻ ഒരു ഡോട്ട് ബോൾ എറിയുകയോ വിക്കറ്റ് വീഴ്ത്തുകയോ ചെയ്താൽ സമ്മർദ്ദം അവരുടെ മേലായിരിക്കും. ” മത്സരശേഷം താക്കൂർ പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 15 പന്തിൽ 20 റൺസ് നേടിയെങ്കിലും ബാറ്റിങ് കൂട്ടുകെട്ട് അവസാന ഓവറുകൾ വരെ നീട്ടി കൊണ്ടുപോകണമായിരുന്നുവെന്നും തുടർന്നുള്ള മത്സരങ്ങളിൽ തനിക്കതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താക്കൂർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിലും അവസാന ഓവർ വരെ ന്യൂസിലാൻഡ് അനായാസ വിജയം നേടുമെന്ന് കരുതിയെങ്കിലും അവസാന ഓവറിൽ മൊഹമ്മദ് ഷാമിയുടെ അസാമാന്യ പ്രകടനമികവിൽ ഇന്ത്യ മത്സരത്തിൽ സമനില കണ്ടെത്തുകയും സൂപ്പറോവറിലൂടെ വിജയം നേടുകയും ചെയ്തിരുന്നു.