Skip to content

ഇന്ത്യയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ 57 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 27 പന്തിൽ നിന്നും 56 റൺസ് നേടിയ കെ എൽ രാഹുൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

എപ്പോഴും ടീമിനും ടീമിന്റെ ആവശ്യകതയ്ക്കുമാണ് താൻ മുൻഗണന നൽകുന്നതെന്നും അതിനൊപ്പം തന്നെ തന്റെ മത്സരത്തെ പറ്റി കൂടുതൽ മനസിലാക്കാൻ സാധിച്ചതും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച്ചവെക്കുവാൻ ഒരുപാട് സഹായിച്ചുവെന്നും അതുകൊണ്ട് എപ്പോഴും ശരിയായ ഷോട്ടുകളും ഉത്തരങ്ങളും നൽകാൻ സാധിച്ചെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.

കെ എൽ രാഹുലിനൊപ്പം 33 പന്തിൽ 44 റൺസ് നേടിയ ശ്രേയസ് അയ്യരും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുൻപിലെത്തി. ജനുവരി 29 ന് ഹാമിൾട്ടണിലാണ് പരമ്പരയിലെ മൂന്നാം മത്സരം.