Skip to content

ഫിഫ്റ്റിയുമായി കെ എൽ രാഹുൽ മികച്ച പിന്തുണ നൽകി ശ്രേയസ് അയ്യർ ; കിവികൾക്കെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 8 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 11 റൺസും നേടി പുറത്തായെങ്കിലും 50 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ കെ എൽ രാഹുലും 33 പന്തിൽ 44 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികളെ 26 പന്തിൽ 33 റൺസ് നേടിയ സെയ്ഫർട്ടാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മാർട്ടിൻ ഗപ്റ്റിൽ 20 പന്തിൽ 33 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുൻപിലെത്തി. ജനുവരി 29 ന് ഹാമിൾട്ടണിലാണ് പരമ്പരയിലെ മൂന്നാം മത്സരം.