Skip to content

ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവ് സൂചന നൽകി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും

സൗത്താഫ്രിക്കൻ ടീമിലേക്കുള്ള ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവിനെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ഫാഫ് തുറന്നുപറഞ്ഞത്.

2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ഒരു ഓസ്‌ട്രേലിയൻ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ പറ്റി സൂചന നൽകിയത്.

 

തിരിച്ചുവരവിനെ പറ്റി മുൻ ക്യാപ്റ്റനും നിലവിലെ സൗത്താഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറും കൂടിയ ഗ്രെയിം സ്മിത്തുമായും ഹെഡ് കോച്ച് മാർക്ക് ബൗച്ചറുമായും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസുമായും ചർച്ചകൾ നടത്തിയെന്ന് അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് വ്യക്തമാക്കിയിരുന്നു.

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് ഡിവില്ലിയേഴ്സ് സൗത്താഫ്രിക്കൻ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്. നേരത്തെ ഏകദിന ലോകകപ്പിനിടെ തിരിച്ചുവരാൻ തയ്യാറാണെന്ന് ഡിവില്ലിയേഴ്സ് സമ്മതമറിയിച്ചെങ്കിലും താരത്തെ ടീമിലെടുക്കാൻ ടീം മാനേജ്‌മെന്റും ക്രിക്കറ്റ് ബോർഡും തയ്യാറായിരുന്നില്ല.

എന്നാൽ ഇക്കുറി തിരിച്ചുവരവ് ഡിവില്ലിയേഴ്സിനൊപ്പം താനും ക്രിക്കറ്റ് ബോർഡും ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ തിരിച്ചുവരവ് എപ്പോഴെന്ന് കൃത്യമായി പറയാൻ സാധിക്കുകയില്ലെന്നും ഫാഫ്‌ ഡുപ്ലെസിസ് പറഞ്ഞു.