Skip to content

കോഹ്ലിക്കും സ്മിത്തിനും പുറകിൽ ഇനി ലാബുഷെയ്ൻ , പിന്നിലാക്കിയത് കെയ്ൻ വില്യംസണെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഐസിസി ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം ലാബുഷെയ്ൻ.

928 പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 911 പോയിന്റുമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തുമാണ് ലാബുഷെയ്ന് മുൻപിലുള്ളത്.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ആറ് ഇന്നിങ്സിൽ നിന്നുമായി 91.50 ശരാശരിയിൽ 549 റൺസ് ലാബുഷെയ്ൻ അടിച്ചുകൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 110 ആം സ്ഥാനത്തായിരുന്നു ശേഷമാണ് പുതുവർഷത്തിലെ ആദ്യ റാങ്കിങിൽ 827 പോയിന്റുമായി ലാബുഷെയ്ൻ മൂന്നാം സ്ഥാനത്തെത്തിയത്.

ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്

പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണർ ചേതേശ്വർ പുജാരയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തെത്തി.

സൗത്താഫ്രിക്കയ്‌ക്കെതിരെ കേപ്ടൗൺ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ പിന്നിലാക്കി എട്ടാം സ്ഥാനത്തെത്തി. ചേതേശ്വർ പുജാരയും ബാബർ അസമുമാണ് ആറും ഏഴും സ്ഥാനങ്ങളിൽ.