Skip to content

ഇർഫാൻ പത്താൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 35 ക്കാരനായ പത്താൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയാണ് അവസാനമായി പ്രൊഫഷണൽ ക്രിക്കറ്റ് മത്സരം കളിച്ചത്.

2003 ൽ തന്റെ 19 ആം വയസ്സിലാണ് പത്താൻ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 29 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 1105 റൺസും നൂറ് വിക്കറ്റും നേടിയ പത്താൻ 120 ഏകദിന മത്സരങ്ങളിൽ നിന്നും 1544 റൺസും 173 വിക്കറ്റും നേടിയിട്ടുണ്ട്. 24 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും 172 റൺസും 28 വിക്കറ്റും നേടിയ ഇർഫാൻ പത്താൻ 2007 ടി20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡും നേടിയിരുന്നു.

2006 ൽ കറാച്ചിയിൽ പാകിസ്ഥാനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ സൽമാൻ ബട്ടിനെയും യൂനിസ് ഖാനെയും മൊഹമ്മദ് യൂസഫിനെയും തുടർച്ചയായി മൂന്ന് പന്തുകളിൽ പുറത്താക്കി ഹർഭജൻ സിങിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഇന്ത്യൻ ബൗളറായി ഇർഫാൻ പത്താൻ മാറിയിരുന്നു. ആദ്യ ഓവറിൽ ഹാട്രിക് നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ ബൗളറെന്ന റെക്കോർഡും പത്താന്റെ പേരിലാണ്.

2008 ൽ ഓസ്‌ട്രേലിയക്കെതിരെ പെർത്തിൽ ഇന്ത്യ നേടിയ വിജയത്തിൽ നിർണായക പങ്ക് ഇർഫാൻ പത്താൻ വഹിച്ചിരുന്നു.