Skip to content

ഷെയ്ൻ വോണിന്റെ നിർദ്ദേശം തള്ളി നേഥൻ ലയൺ

സിഡ്‌നിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സീനിയർ താരം നേഥൻ ലയണിന് വിശ്രമം നൽകി യുവ സ്പിന്നർ മിച്ചൽ സ്വെപ്സണിന് അവസരം നൽകണമെന്ന മുൻ താരം ഷെയ്ൻ വോണിന്റെ നിർദ്ദേശത്തെ തള്ളി നേഥൻ ലയൺ.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം നേടി പരമ്പര നേരത്തെ ഓസ്‌ട്രേലിയ സ്വന്തമാക്കിയതിനാൽ സ്വെപ്സണിന്റെ അരങ്ങേറ്റത്തിനായി സിഡ്നിയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ലയണിന് വിശ്രമം അനുവദിക്കണമെന്നായിരുന്നു വോൺ അഭിപ്രായപെട്ടത്. അതിനൊപ്പം തന്നെ ഒരു ബാറ്റ്സ്മാനെ ഒഴിവാക്കി അഞ്ച് ബൗളർമാരെ ആദ്യ ഇലവനിൽ ഉൾപ്പെടത്തണമെന്നും വോൺ പറഞ്ഞിരുന്നു.

എന്നാൽ വോണിന്റെ അഭിപ്രായത്തോട് വിയോജിച്ച ലയൺ ഷെയ്ൻ വോൺ അദ്ദേഹത്തിന്റെ കരിയറിൽ സ്റ്റുവർട്ട് മക്ഗില്ലിന് അവസരം ലഭിക്കാൻ വിശ്രമിക്കാൻ തയ്യാറായിരുന്നുവോയെന്നും ആരാഞ്ഞു.

തനിക്ക് വിശ്രമം ആവശ്യമില്ലെന്നും സ്വെപ്സൺ മികച്ച പ്രകടനമാണ് ക്വീൻസ്ലാൻഡിന് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നതെന്നും ടീമിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കുന്നതിനെ പറ്റി ചർച്ചയുണ്ടെന്നും ലയൺ കൂട്ടിച്ചേർത്തു.