Skip to content

ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയും പിന്നിലാക്കി ആറാം സ്ഥാനത്തെത്തി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ആദ്യ പത്തിൽ ആദ്യമായി എത്തിയ ബാബർ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയത്.

വിരാട് കോഹ്ലി റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്, ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ചേതേശ്വർ പുജാര, ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ എന്നിവരാണ് കോഹ്ലിക്ക് പുറകിലുള്ളത്.

മായങ്ക് അഗർവാൾ (12), രോഹിത് ശർമ്മ (15) എന്നിവരാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത്. സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡ, ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നർ എന്നിവരാണ് കമ്മിൻസിന് പുറകിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.