Skip to content

മോർക്കലിനും സ്റ്റെയ്നും പുറകെ ഫിലാൻഡറും പടിയിറങ്ങുന്നു ; സൗത്താഫ്രിക്കയ്ക്ക് തീരാനഷ്ടം

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർണൻ ഫിലാൻഡർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുമെന്ന് ഫിലാൻഡർ വ്യക്തമാക്കി.

സൗത്താഫ്രിക്കൻ ടെസ്റ്റ് ടീമിന്റെ നിർണായക താരമായിരുന്ന ഫിലാൻഡർ 60 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും ഏഴ് ടി20 മത്സരങ്ങളും സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 216 വിക്കറ്റുകൾ നേടിയ ഈ 34 ക്കാരൻ ഏകദിനത്തിൽ 41 വിക്കറ്റും സൗത്താഫ്രിക്കയ്ക്ക് വേണ്ടി നേടി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി 12 വർഷത്തോളം കളിക്കാൻ സാധിച്ചതിൽ ദൈവത്തോടും കുടുംബത്തോടും നന്ദി പറഞ്ഞ ഫിലാൻഡർ മികച്ച താരങ്ങൾക്കൊപ്പം കളിക്കുവാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും കൂട്ടിച്ചേർത്തു.

ഡെയ്ൽ സ്റ്റെയ്ൻ, മോർനെ മോർക്കൽ എന്നിവരുടെ വേഗതയിൽ പന്തെറിയാൻ സാധിച്ചിരുന്നില്ലയെങ്കിലും കൃത്യമായ ലൈനിലും ലെങ്തിലും സ്ഥിരതയോടെ പന്തെറിഞ്ഞാണ് ഫിലാൻഡർ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചത്. ഇൻ സ്വിങറും ഔട്ട് സ്വിങറും ഒരുപോലെ എറിയാനുള്ള കഴിവും ഫിലാൻഡറെ അപകടകാരിയായ ബൗളറാക്കി മാറ്റി. ആദ്യ ഏഴ് ടെസ്റ്റിൽ നിന്നും മാത്രം 51 വിക്കറ്റുകൾ നേടിയ താരം 2012 ൽ സൗത്താഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരവും നേടിയിരുന്നു.