Skip to content

ഹീറോയായി താക്കൂർ, ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസിന്റെ വിജയലക്ഷ്യം 48.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

മുൻനിര ബാറ്റ്സ്മാന്മാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും മധ്യനിര ബാറ്റ്സ്മാന്മാർക്ക് മികവിനൊത്തുയരാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിലെന്ന പോലെ മികച്ച തുടക്കമാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ 122 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 63 പന്തിൽ 63 റൺസും കെ എൽ രാഹുൽ 89 പന്തിൽ 77 റൺസും നേടി. ശ്രേയസ് അയ്യർ, റിഷാബ് പന്ത് എന്നിവർ ഏഴ് റൺസ് നേടി പുറത്തായപ്പോൾ കേദാർ ജാദവിന് ഒമ്പത് റൺസ് നേടാനെ സാധിച്ചുള്ളൂ.

എന്നാൽ അവസരത്തിനൊത്തുയർന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 81 പന്തിൽ 85 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്കോർ 286 റൺസിൽ പുറത്തായപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 റൺസ്. മത്സരം കൈവിട്ടുവെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലുംപിന്നീടെത്തിയ ഷാർദുൾ താക്കൂർ 6 പന്തിൽ 17 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 31 പന്തിൽ 39 റൺസ് നേടി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

വെസ്റ്റിൻഡീസിന് വേണ്ടി കീമോ പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മാൻ ഓഫ് ദി സിരീസ്.