Skip to content

മാക്‌സ്‌വെൽ സാംപ മികവിൽ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം ; ബ്രിസ്‌ബേൻ ഹീറ്റിന് തുടർച്ചയായ രണ്ടാം തോൽവി

ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും സ്പിന്നൻ ആദം സാംപയുടെയും മികവിൽ ബ്രിസ്ബേൻ ഹീറ്റിനെതിരെ മെൽബൺ സ്റ്റാർസിന് 22 റൺസിന്റെ തകർപ്പൻ വിജയം. സ്റ്റാർസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബ്രിസ്‌ബേൻ ഹീറ്റിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളൂ.

36 പന്തിൽ ആറ് ഫോറും നാല് സിക്സുമടക്കം 64 റൺസ് നേടിയ ടോം ബാന്റൺ ഹീറ്റിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. റെൻഷോ 30 പന്തിൽ 39 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ക്രിസ് ലിന്നിന് 9 പന്തിൽ 6 റൺ നേടാനെ സാധിച്ചുള്ളൂ..

സ്റ്റാർസിന് വേണ്ടി ആദം സാംപ നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഡാനിയേൽ വോറൽ, ഹാരിസ് റോഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്റ്റാർസിനെ 39 പന്തിൽ 83 റൺസ് നേടിയ ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലാണ് മികച്ച സ്കോറിലെത്തിച്ചത്. 23 പന്തിൽ നിന്നുമാണ് മാക്‌സ്‌വെൽ ഫിഫ്റ്റി പൂർത്തിയാക്കിയത്.