Skip to content

ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. ആദ്യമായി കൊൽക്കത്തയിൽ നടന്ന ലേലത്തിൽ 338 കളിക്കാരിൽ നിന്നും 62 താരങ്ങളെ വിവിധ ക്ലബുകൾ സ്വന്തമാക്കി. 140.3 കോടി രൂപ എട്ട് ടീമുകൾ ലേലത്തിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവാക്കി.

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് ലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരം. 15.50 കോടിയ്ക്കാണ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത്. ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലപിടിപ്പുള്ള വിദേശതാരമായും ഇതോടെ കമ്മിൻസ് മാറി. ഇതിനുമുൻപ് 2017 താരലേലത്തിൽ 14.5 കോടിയ്ക്ക് പൂനെയിലെത്തിയ ബെൻ സ്റ്റോക്‌സിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇതാദ്യമായല്ല കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാകുന്നത്.2014 ൽ ഒരു കോടിയ്ക്ക് കമ്മിൻസിനെ കൊൽക്കത്ത ടീമിൽ എത്തിച്ചിരുന്നു.

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലാണ് കമ്മിൻസിന് ശേഷം ഈ താരലേലത്തിലെ ഏറ്റവും വിലകൂടിയ താരം. 10.75 കോടിയ്ക്കാണ് കിങ്‌സ് ഇലവൻ പഞ്ചാബ് മാക്‌സ്‌വെല്ലിനെ തിരികെ ടീമിലെത്തിച്ചത്. സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസാണ് മാക്‌സ്‌വെല്ലിന് പുറകിലുള്ളത്. 1.5 കോടി അടിസ്ഥാന വിലയിട്ട മോറിസിനെ 10 കോടിയ്ക്കാണ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.

വെസ്റ്റിൻഡീസിന് വേണ്ടി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഷെൽഡൺ കോട്രലിനെ 8.5 കോടിയ്ക്കാണ് കിങ്‌സ് ഇലവൻ പഞ്ചാബ്‌ ടീമിലെത്തിച്ചത്. മറ്റൊരു ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറായ നേഥാൻ കോൾട്ടർ നൈലിനെ എട്ട് കോടിയ്ക്കാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.