Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഹാട്രിക്കോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്.

മത്സരത്തിലെ 33 ആം ഓവറിലെ നാലാം പന്തിൽ ഷായ് ഹോപ്പിനെയും, അഞ്ചാം പന്തിൽ ജേസൺ ഹോൾഡറെയും അവസാന പന്തിൽ അൽസാരി ജോസഫിനെയും പുറത്താക്കിയാണ് കുൽദീപ് യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ രണ്ടാം ഹാട്രിക് നേടിയത്. ഇതിനുമുൻപ് 2017 ൽ കൊൽക്കത്തയിൽ ഓസ്‌ട്രേലിയക്കെതിരെയാണ് കുൽദീപ് യാദവ് തന്റെ ആദ്യ ഹാട്രിക് നേടിയത്.

ഏകദിനത്തിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന ആറാമത്തെ ബൗളറാണ് കുൽദീപ് യാദവ്. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ (3), മുൻ പാകിസ്ഥാൻ ബൗളർമാരായ വസിം അക്രം (2) സാഖ്ലൈൻ മുഷ്താഖ് (2), ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസ് (2), ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട് (2) എന്നിവരാണ് കുൽദീപ് യാദവിന് മുൻപിൽ ഏകദിന ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടിയിട്ടുള്ള ബൗളർമാർ.

മത്സരത്തിൽ ഇന്ത്യ 107 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 388 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 43.3 ഓവറിൽ 280 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.