Skip to content

അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഒപ്പത്തിനൊപ്പം കോഹ്ലിയും രോഹിത് ശർമ്മയും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റൺവേട്ടയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. 2633 റൺസ് ഇരുവരും ഇതുവരെ അന്താരാഷ്ട്ര ടി20യിൽ നിന്നും നേടിയിട്ടുണ്ട്. മുംബൈയിൽ നടന്ന മത്സരത്തിൽ 34 പന്തിൽ 71 റൺസ് നേടി രോഹിത് ശർമ്മ കോഹ്ലിയെ പിന്നിലാക്കിയെങ്കിലും രോഹിത് ശർമ്മ പുറത്തായ ശേഷം ക്രീസിലെത്തിയ കോഹ്ലി 29 പന്തിൽ നിന്നും 70 റൺസ് നേടി ഒപ്പമെത്തുകയായിരുന്നു.

96 ഇന്നിങ്സിൽ നിന്നും 32.10 ശരാശരിയിലാണ് രോഹിത് ശർമ്മ 2633 റൺസ് നേടിയിരുക്കുന്നത്. എന്നാൽ കോഹ്ലിയാകട്ടെ 70 ഇന്നിങ്സിൽ നിന്നും 52.66 ശരാശരിയിലാണ് രോഹിത് ശർമ്മയ്ക്കൊപ്പമെത്തിയത്. സ്‌ട്രൈക് റേറ്റിൽ ഇരുവരും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്.

മത്സരത്തിൽ 23 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ ഫിഫ്റ്റി പൂർത്തിയാക്കിയത്. കോഹ്ലിയാകട്ടെ 21 പന്തിൽ നിന്നുമാണ് തന്റെ നൂറാം അന്താരാഷ്ട്ര ഫിഫ്റ്റി മത്സരത്തിൽ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 241 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തിൽനേടിയ 67 റൺസിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.