Skip to content

ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് ; മാക്‌സ്‌വെല്ലിനെ പിന്നിലാക്കി എവിൻ ലൂയിസ്

ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ഓപ്പണിങ് ബാറ്റ്സ്മാൻ എവിൻ ലൂയിസ് വെസ്റ്റിൻഡീസിന് വേണ്ടി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 17 പന്തിൽ നിന്നും മൂന്ന് ഫോറും നാല് സിക്സുമുൾപ്പടെ 40 റൺസ് ലൂയിസ് അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് എവിൻ ലൂയിസ് സ്വന്തമാക്കി.

വെറും ഏഴ് ഇന്നിങ്സിൽ നിന്നും ഇന്ത്യയ്ക്കെതിരെ ഇതുവരെ 25 സിക്സുകൾ എവിൻ ലൂയിസ് നേടിയിട്ടുണ്ട്. 12 ഇന്നിങ്സിൽ നിന്നും ഇന്ത്യയ്ക്കെതിരെ 23 സിക്സ് നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ റെക്കോർഡാണ് എവിൻ ലൂയിസ് തകർത്തത്.

വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് (20), മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സൻ (20), ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ (17), ന്യൂസിലാൻഡ് ഓപ്പണിങ് ബാറ്റ്സ്മാൻ കോളിൻ മൺറോ എന്നിവരാണ് എവിൻ ലൂയിസിനും ഗ്ലെൻ മാക്‌സ്‌വെല്ലിനും പുറകിലുള്ളത്.