Skip to content

ഈ നേട്ടങ്ങൾക്ക് പിന്നിൽ അച്ഛന്റെ കഠിനപ്രയത്‌നം ; ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്

ക്രിക്കറ്റിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതിന് പിന്നിൽ തന്റെ അച്ഛന്റെ കഠിനപ്രയത്നമെന്ന് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്. പ്രിയം ഗാർഗാണ് അടുത്ത വർഷം സൗത്താഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്. സ്കൂൾ വാൻ ഡ്രൈവറായിരുന്ന തന്റെ കഠിനപ്രയത്നമില്ലായിരുന്നുവെങ്കിൽ ഈ സ്വപ്നനേട്ടങ്ങൾ സ്വന്തമാക്കാൻ തനിക്ക് സാധിക്കുകയില്ലായിരുന്നുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ഗാർഗ് പറഞ്ഞു.

” എന്റെ അച്ഛൻ സ്കൂൾ വാൻ ഡ്രൈവറാണ്. എനിക്ക് മൂന്ന് സഹോദരന്മാരും സഹോദരിമാരുമുണ്ട്. ഞാനാണ് എന്റെ കുടുംബത്തിലെ ഏറ്റവും ഇളയത്. കുടുംബത്തിന്റെ ചിലവിനൊപ്പം എന്റെ ക്രിക്കറ്റ് കരിയറിൽ സപ്പോർട്ട് ചെയ്യാനും ആവശ്യമായ പണം അച്ഛനുണ്ടായിരുന്നില്ല. എന്നാൽ ക്രിക്കറ്റിനോടുള്ള എന്റെ ഇഷ്ട്ടവും ഡെഡിക്കേഷനും മൂലം സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും മറ്റുമാണ് ക്രിക്കറ്റ് കിറ്റിനും കോച്ചിങിനും പണം കണ്ടെത്തിയത്. എന്റെ അച്ഛന്റെ കഠിനപ്രയത്നം മൂലാണ് ഞാൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് ഇപ്പോൾ ഞാൻ ഇന്ത്യൻ ക്യാപ്റ്റനായിരിക്കുന്നു ” പ്രിയം ഗാർഗ് പറഞ്ഞു..

” 2011 ൽ എന്റെ അമ്മ മരിച്ചു. അമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത്. ഇപ്പോൾ ഞാൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റനായിരിക്കുന്നു. എന്നാൽ അത് കാണാൻ എന്റെ അമ്മയില്ല. അക്കാര്യത്തിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്. ” ഗാർഗ് കൂട്ടിച്ചേർത്തു.

ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ചുറിയും ലിസ്റ്റ് എ സെഞ്ചുറിയും നേടിയിട്ടുള്ള പ്രിയം ഗാർഗ് തന്റെ2 ആദ്യ രഞ്ജി ട്രോഫി സീസണിൽ ഉത്തർപ്രദേശിനായി 800 ലധികം റൺസ് നേടിയിരുന്നു.