Skip to content

തകർപ്പൻ ട്രിപിൾ സെഞ്ചുറിയോടെ ഡേവിഡ് വാർണർ നേടിയ റെക്കോർഡുകൾ

അവിസ്മരണീയ പ്രകടനമാണ് അഡ്ലെയ്ഡിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. 418 പന്തിൽ 39 ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 335 റൺസ് ഡേവിഡ് വാർണർ അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഡേവിഡ് വാർണർ തകർത്തത്. അവ ഏതൊക്കെയെന്ന് നോക്കാം …

1. ആദ്യ ഇന്നിങ്സിൽ 335 റൺസ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ മാത്യൂ ഹെയ്ഡന് ശേഷം ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി. 334 റൺസ് നേടിയ ഡോൺ ബ്രാഡ്മാനെയും മാർക്ക് ടെയ്ലറെയുമാണ് ഡേവിഡ് വാർണർ മറികടന്നത്.

2. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പത്താമത്തെ വ്യക്തിഗത സ്കോർ കൂടിയാണ് ഡേവിഡ് വാർണർ നേടിയത്.

3. അഡ്ലെയ്ഡ് ഓവലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും ഡേവിഡ് വാർണർ സ്വന്തമാക്കി. 1932 ൽ സൗത്താഫ്രിയ്‌ക്കെതിരെ പുറത്താകാതെ 299 റൺസ് നേടിയ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡാണ് വാർണർ തകർത്തത്.

4. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ തവണ 250+ റൺസ് നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനായി വാർണർ മാറി. വാർണർക്ക് മുൻപ് മുൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് രണ്ട് തവണയും ഡോൺ ബ്രാഡ്മാൻ അഞ്ച് തവണയും ടെസ്റ്റ് ക്രിക്കറ്റിൽ 250+ റൺസ് സ്കോർ ചെയ്തിട്ടുണ്ട്.

5. ഡേ നൈറ്റ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും വാർണർ സ്വന്തം പേരിലാക്കി. 2016 ൽ വെസ്റ്റിൻഡീസിനെതിരെ 302 റൺസ് നേടിയ അസ്ഹർ അലിയുടെ റെക്കോർഡാണ് വാർണർ തകർത്തത്.