Skip to content

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ വ്യക്തിഗത സ്കോർ 23 റൺസ് പിന്നിട്ടതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസെന്ന നാഴികക്കല്ല് സ്മിത്ത് പിന്നിട്ടത്. 121 ഇന്നിങ്സ് മാത്രമാണ് 7000 റൺസ് പൂർത്തിയാക്കാൻ സ്മിത്തിന് വേണ്ടിവന്നത്. ഇതോടെ 73 വർഷത്തിനൊടുവിൽ മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ വാലി ഹാമണ്ടിന്റെ റെക്കോർഡ് തകർത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.

131 ഇന്നിങ്സിൽ നിന്നും 7000 റൺസ് പൂർത്തിയാക്കി 1946 ൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് ഹാമണ്ട് സ്വന്തമാക്കിയത്.

വീരേന്ദർ സെവാഗ് (134 ഇന്നിങ്സ്), സച്ചിൻ ടെണ്ടുൽക്കർ (136 ഇന്നിങ്സ്) എന്നിവരാണ് ഈ പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 138 ഇന്നിങ്സിൽ നിന്നും 7000 റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഗാരി സോബേഴ്‌സിനും കുമാർ സംഗക്കാരയ്ക്കുമൊപ്പം അഞ്ചാം സ്ഥാനത്താണ്.