Skip to content

ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

കടുത്ത വിമർശനങ്ങളാണ് മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെ ഇന്ത്യൻ സെലക്ടർമാർ ഏറ്റുവാങ്ങിയത്. ആരാധകർക്കൊപ്പം ഹർഭജൻ സിങ് അടക്കമുള്ള മുൻ താരങ്ങളും സെലക്ടർമാരുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അവസരം നൽകാതെയാണ് സഞ്ജുവിനെ വിൻഡീസിനെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയത്.

വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയ്ക്ക് പുറകെയാണ് സഞ്ജു ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീമിലെത്തിയത്. എന്നാൽ വിൻഡീസിനെതിരായ വിരാട് കോഹ്ലി തിരിച്ചെത്തിയതോടെ സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഒപ്പം മോശം പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന റിഷാബ് പന്തിന് വീണ്ടും അവസരം നൽകാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സഞ്ജു സാംസണെ വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചുവിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സ്ട്രാ മെമ്പറെന്ന നിലയിലാണ് സഞ്ജു സാംസണെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലേക്ക് പരിഗണിക്കുന്നത്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. എന്നാൽ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കൂടിയും ടീമിൽ തിരിച്ചെത്തിയാലും ആദ്യ ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.