Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ, സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും തിരിച്ചടി

ഐസിസി ടെസ്റ്റ് ബാറ്റ്സ്മാരുടെ റാങ്കിങിൽ പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. റാങ്കിങ്ങിൽ ആദ്യ പത്തിലിടം നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് മായങ്ക് അഗർവാൾ. രണ്ടാം സ്ഥാനത്തുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലി, നാലാം സ്ഥാനത്തുള്ള ചേതേശ്വർ പുജാര, അഞ്ചാം സ്ഥാനത്തുള്ള അജിങ്ക്യ രഹാനെ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ആദ്യ പത്തിൽ നിന്നും പുറത്തായതാണ് മായങ്ക് അഗർവാളിന് നേട്ടമായത്.

പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ 16 പോയിന്റ് നേടി സ്റ്റീവ് സ്മിത്തിന് തൊട്ടുപുറകിലെത്തി. പാകിസ്ഥാനെതിരായ മത്സരത്തിൽ നാല് റൺസ് മാത്രം നേടി പുറത്തായതോടെ ഏഴ് പോയിന്റ് സ്മിത്തിന് നഷ്ട്ടമായി. മൂന്ന് പോയിന്റ് മാത്രമാണ് വിരാട് കോഹ്ലിയും സ്മിത്തും തമ്മിലുള്ള വ്യത്യാസം.

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് ഓൾ റൗണ്ടർ റാങ്കിങിൽ ഒമ്പതാം സ്ഥാനത്തെത്തി. മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ വാട്ലിങ് 12 ആം സ്ഥാനത്തെത്തിയപ്പോൾ രോഹിത് ശർമ്മ 13 ആം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

പാകിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ൻ പതിനാലാം സ്ഥാനത്തും ഡേവിഡ് വാർണർ 17 ആം സ്ഥാനത്തുമെത്തി.