Skip to content

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉമേഷ് യാദവ്‌

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ജസ്പ്രീത് ബുംറ പരിക്ക് മൂലം ടീമിൽ നിന്നും പുറത്തായതോടെയാണ് ഉമേഷ് യാദവിന് പ്ലേയിങ് ഇലവനിൽ അവസരം വന്നുചേർന്നത്. വീണുകിട്ടിയ അവസരം മുതലാക്കിയ ഉമേഷ് യാദവ് അവസാന നാല് മത്സരങ്ങളിൽ നിനും 23 വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി.

ബിസിസിഐ വെബ്‌സൈറ്റിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ഈ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണം ഉമേഷ് യാദവ് തുറന്നുപറഞ്ഞത്. ബൗളിങ് ഗ്രിപ്പിൽ വരുത്തിയ മാറ്റമാണ് മികച്ച പ്രകടനത്തിന് പിന്നിലെ കാരണമെന്നും ബൗളിങ് ഗ്രിപ്പ് മെച്ചപ്പെടുത്തിയതോടെ കൂടുതൽ സ്ഥിരതയോടെ ഇപ്പോൾ ഔട്ട് സ്വിങർ എറിയാൻ സാധിക്കുന്നുവെന്നും ഉമേഷ് യാദവ് അഭിമുഖത്തിൽ പറഞ്ഞു.

തന്റെ ബൗളിങ് ഗ്രിപ്പ് ഇതിനുമുൻപ് വ്യത്യസ്തമായിരുന്നുവെന്നും ഒന്നോ രണ്ടോ പന്ത് മാത്രമേ സ്വിങ് ചെയ്തിരുന്നുവെന്നും പന്ത് കണ്ട്രോൾ ചെയ്യാൻ സാധിക്കാത്തതിനാൽ അധിക റൺസ് വഴങ്ങേണ്ടി വന്നിരിന്നുവെന്നും എന്നാൽ പരിശീലകരോടും സഹതാരങ്ങളോടും ചർച്ച ചെയ്ത് ഗ്രിപ്പിൽ മാറ്റം വരുത്തിയതോടെ കൂടുതൽ സ്ഥിരതയോടും കൃത്യതയോടും ഔട്ട് സ്വിങറും ഒപ്പം ഇൻ സ്വിങറും എറിയാൻ സാധിക്കുന്നുവെന്നും ഉമേഷ് യാദവ് കൂട്ടിച്ചേർത്തു.