Skip to content

ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 100 റൺസ് എടുത്തിട്ടുണ്ട്. 52 റൺസ് നേടിയ ഡേവിഡ് വാർണറും 41 റൺസ് നേടിയ ജോ ബേൺസുമാണ് ക്രീസിലുള്ളത്.

18 ഇന്നിങ്സുകൾക്ക് ശേഷം ഇതാദ്യമായാണ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഓപ്പണിങ് കൂട്ടുകെട്ട് 100 കടക്കുന്നത്. ഇതിനുമുൻപ് 2018 ൽ ഇന്ത്യയ്ക്കെതിരെ പെർത്തിൽ നടന്ന മത്സരത്തിലായിരുന്നു അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പണിങ് കൂട്ടുകെട്ട് 100 കടന്നത്. ഡേവിഡ് വാർണറുടെയും ബേൺസിന്റെയും അഞ്ചാം സെഞ്ചുറി കൂട്ടുകെട്ടാണിത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 240 റൺസിന് പുറത്തായിരുന്നു. 76 റൺസ് നേടിയ അസാദ് ഷഫീഖ് മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും വീഴ്ത്തി.